Wednesday, March 19, 2008

നാട്യലോകധര്‍മ്മി

അന്നേരം ലോകധര്‍മ്മി നാട്യധര്‍മ്മിയോട്‌പറഞ്ഞു :
വല്ലാതെ ബോറടിക്കുന്നു, എന്തെങ്കിലും പറയ്‌
നാട്യധര്‍മ്മി
ആഗോളമായൊന്നവലോകനം ചെയ്ത്‌, മുരടനക്കി
നാടകാന്തം കവിത്വം വചനത്തില്‍ വരുത്തിഇങ്ങനെ പറഞ്ഞു തുടങ്ങി(നാന്‍) :
തീര്‍ച്ചയായും ഉണ്ടായിരുന്നുചരിത്രാതീതകാലം മുതലേ തന്നെ നീ പറഞ്ഞതു പോലെയുള്ള പ്രശ്നങ്ങള്
‍എന്നാല്‍ അതെല്ലാം ബൗദ്ധികതലത്തില്‍ ചര്‍വ്വണം ചെയ്യുമ്പോള്‍,
അതു മാത്രമല്ല,പ്രത്യയശാസ്ത്രപരമായി അള്‍ത്തൂസ്സര്‍ പറഞ്ഞിട്ടുമുണ്ട്‌,
നിനക്ക്‌ ഓര്‍മ്മയുണ്ടോ എന്ന്‌ എനിക്കറിയില്ല
ഗ്രാംചി തടവറയില്‍ കിടന്നപ്പോളും
ചെ ബൊളിവിയയില്‍ വച്ചും അത്‌ അനുഭവിച്ചിട്ടുണ്ട്‌

ഫൂക്കോ ഇതിനെപ്പറ്റി പറഞ്ഞിട്ടുള്ളത്‌ ....(നാശം!പെട്ടെന്നോര്‍മ്മ വരുന്നില്ല)

പക്ഷേ, ഞാനിപ്പോള്‍ നിന്നോടു പറയാന്‍ പോകുന്നത്‌
സംസ്കാരവ്യവസായത്തില്‍ ബോറടിക്കുള്ള സ്ഥാനം എന്നതിനെക്കുറിച്ചാണ്‌

ഭരത മുനി നാട്യശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്നത്‌.....

ലോകധര്‍മ്മി അതൊന്നും കേട്ടില്ല
കേട്ടാലും മനസ്സിലാവുമായിരുന്നുമില്ല
വെറുമൊരു ലോകധര്‍മ്മി
നാട്യശാസ്ത്രത്തെക്കുറിച്ച്‌ അതിനെന്തു ചുക്കറിയാം?

അപ്പോള്‍ ഒരു നിഴല്‍ ജലോപരിതലത്തില്‍ പടര്‍ന്നു
അതു മീനോ പായലോ
പുഴയുടെ ഓര്‍മ്മകളോ എന്ന്‌
ലോകധര്‍മ്മി വ്യാകുലപ്പെട്ടു

ഒരു കാറ്റില്‍പുഴ മൊത്തം മാഞ്ഞുപോയേക്കാം
ചെറിയ ഒരു ചാറ്റമഴയില്‍ദ്വീപ്‌ അങ്ങനെതന്നെ മുങ്ങിപ്പോയേക്കാം
എന്ന്‌ ഉറക്കെ ശ്വാസം വിടാന്‍ പോലും ആധി പൂണ്ടു

നാട്യധര്‍മ്മിയോ
ശാന്തസമുദ്രം വഴി വന്‍കര കയറി
അത്‌ലാന്റിക്കിലൂടെ പുറത്തേക്കുള്ള വഴി കണ്ടെത്തി,
തിരിച്ച്‌ സംസ്കാരസാഗരങ്ങള്‍ താണ്ടി നാടുചുറ്റി പര്യടനം നടത്തവേ,

പെയ്ത്തു വെള്ളത്തില്‍തന്നെ അടിതെറ്റിയ ലോകധര്‍മ്മി
പുഴയുടെ അടിയിലൂടെ സംസാരസാഗരത്തിലേക്ക്‌
അവിടെനിന്നു
സംസാരമോ ഭാഷയോ ഇല്ലാത്ത
ജലപ്രണയത്തിലേക്ക്‌-


താണുതാണ്‌

Thursday, January 3, 2008

ബില്‍ബോര്‍ഡ്‌

ഈ ജങ്ങ്ഷന്‍ കെട്ടിപ്പൊക്കി വച്ച
ഒരു വമ്പന്‍ ഹോര്‍ഡിങ്ങുപോലെ

ശബ്ദവെളിച്ചങ്ങള്‍
ചിതറിക്കിടക്കുന്നു

എന്താ നീ ഒന്നും പറയാത്തത്‌?

അതിന്റെ ഉള്ളില്‍ കയറിയിരുന്ന്
നാം കാണുന്നു
നമ്മളെത്തന്നെ

മഴ വരും
വേനല്‍ വരും
കടല്‍ അങ്ങനെത്തന്നെ അലയടിക്കും
വീട്ടുമുറ്റത്ത്‌

ഒക്കെ ഇതിനകത്തു തന്നെ കിട്ടും
ബാല്യകാലസ്മരണയും
മാമ്പഴച്ചുനയും
കൗമാരപ്രണയവും

തിരക്കിപ്പോകേണ്ട വേറെയെങ്ങോട്ടും
എന്ന് നീ പറയുന്നു

എന്നിട്ടും

ദോശചുടുന്നതിനും
മെയില്‍ നോക്കുന്നതിനും
ഗൗരവ രചനയ്ക്കുമിടയിലൊരിടവേളയില്‍
പകലുറങ്ങിപ്പോയി
കുറച്ചു നേരം ദിവാസ്വപ്നവും കണ്ടു

അതിനാണ്‌ ബില്‍ഗേറ്റ്‌സെന്നെ
ക്ലാസ്സില്‍ നിന്ന് സോറി ബില്‍ബോര്‍ഡില്‍നിന്ന്
പുറത്താക്കിയത്‌

ഇപ്പോ നില്‍ക്കുകയാണ്‌
ഇരമ്പുന്ന ദൃശ്യസഞ്ചയങ്ങള്‍ക്കു നടുവില്‍
പറുദീസയില്‍നിന്ന് പുറത്തായവരെപ്പോലെ

പൊരിവെയിലത്ത്‌

നീ
ഓര്‍ക്കുന്നുണ്ടോ
നാലാംഗേറ്റില്‍നിന്ന് പണ്ട്‌ നമ്മള്‍ കുടിച്ച
നറുനീണ്ടി സര്‍വ്വത്തിന്റെ
നറുരുചി?
പ്രണയം പോലെ അതിന്റെ
ഇളം തണുപ്പ്‌?

Tuesday, December 4, 2007

ലോ ഡിസ്ക്‌ സ്പെയ്‌സ്‌

കുഞ്ഞുകുഞ്ഞുറുമ്പുകള്‍ വന്ന്
അരിച്ചു നടക്കുന്നൂ
സ്ക്രീനില്‍

തിന്നുകയാവാം കുറേശ്ശെക്കുറേശ്ശെ
സിസ്റ്റ-
മങ്ങനെത്തന്നെ

(പാവങ്ങള്‍! വിശപ്പാറിക്കോട്ടെ)

സോഫ്റ്റ്‌വെയര്‍ തിന്നുമടുത്തപ്പോള്‍
അവ തിന്നുതീര്‍ത്തിരിക്കാം
ഹാര്‍ഡ്ഡിസ്കും

എന്തായാലും
തെളിയുന്നതില്ല
മമ മോണിട്ടറില്‍
ലോ ഡിസ്ക്‌ സ്പെയ്‌ സ്‌
എന്നല്ലാതെ മറ്റൊന്നും

സത്യം
ശിവം
സുന്ദരം

Sunday, December 2, 2007

പഞ്ചതന്ത്രം





കള്ളം പറയുമ്പോള്‍
മുഖത്ത്‌
അല്‍പ്പവും വരരുത്‌
കള്ളത്തരം

ഭാവത്തിലോ ശബ്ദത്തിലോ

ഏയ്‌ ഒന്നുമില്ല
സത്യം മാത്രമല്ലേ ഞാന്‍ പറയുന്നത്‌
എന്ന അതിനിഷ്കളങ്കഭാവം,
നേരിട്ടെങ്കില്‍

ഫോണിലെങ്കില്‍
ഭയക്കേണ്ട തെല്ലും

മുഖത്തിന്റെ കാര്യം വിടാം
ശബ്ദം മാത്രം ശ്രദ്ധിച്ചാല്‍മതി

പറയുമ്പോള്‍
വക്രിപ്പിക്കാം
അസഹ്യതയുമാവാം
ലേശമൊക്കെ.
ഒന്നു ഫോണ്‍ വയ്ക്കുന്നുണ്ടോ എന്ന്‌
പുരികത്തില്‍
ഒരല്‍പ്പം നാട്യശാസ്ത്രമഞ്ജരിയാവാം

ഈമെയിലെങ്കില്‍
അതൊന്നുമേ വേണ്ട
ഈ മെയ്യും
ആ മെയ്യും
കൂട്ടിമുട്ടുന്നേയില്ലാത്തതുകൊണ്ട്‌
എന്തും പറഞ്ഞയക്കാം
തിരിച്ചു വരാം മറുമെയിലില്‍ വ്യാക്ഷേപകങ്ങള്‍

അതുമല്ലെങ്കില്‍
ഒറ്റവാക്കിലെസ്സെമ്മെസ്സാവാം
നെരെന്നേതോന്നൂ നുണ
ചേര്‍ക്കാം
വാസന്തീമധുവാര്‍ന്നവാക്കിന്‌
മധുരം, കൂട്ടിയിടാം
പ്രമേഹമില്ലെങ്കില്‍

ഇതിലേതു നീ തിരഞ്ഞെടുക്കും
എന്നോടു സല്ലപിക്കുമ്പോള്‍
എന്ന്‌
അറിയില്ല എനിക്ക്‌

അറിയുന്നത്‌
പക്ഷേ
പറയാതെ ബാക്കിവച്ച നുണസ്സത്യങ്ങള്‍
സത്യനുണകള്‍

അഞ്ചാംതന്ത്രത്തിലെ
തലയില്‍ ചക്രം കറങ്ങുന്നയാളുടെ
വിളിച്ചുചൊല്ലിക്കരച്ചിലിന്റെ
തമാശപറച്ചില്‍
എന്റെ ഒരേയൊരു നുണ



നിനക്കതു നുണ
എനിക്കു പക്ഷേ
അവസാന കാരിക

Sunday, November 25, 2007

സാമ്പാര്‍




അപ്പോള്‍
പരിപ്പിനൊപ്പം കിടന്ന്‌
നുറുക്കിയ പച്ചക്കറിയുടെയൊപ്പം
തിളച്ചു വേവുകയാണ്‌


ഉരുകിത്തിളയ്ക്കും മെയ്യില്‍
മണക്കുന്നൂ
കായവും സാമ്പാര്‍പ്പൊടിയും

സൂര്യഗോളത്തിലെന്നപോല്‍ തപിച്ചു കൊണ്ട്‌
രാസപരിണാമത്തിന്‍ സുഗന്ധം
ഒറ്റ വിസിലിലൂടെയെത്തിക്കും
നാസാഗ്രത്തില്‍

ഊണ്‍നേരത്തിലത്തുമ്പിലൂടെ
രസമുകുളങ്ങളിലേക്ക്‌
മഹാകൈപ്പുണ്യം :

ഒരു ദിവസം
തിളയടക്കാനാവാതെ
അടുക്കളപ്പാത്രത്തോളം പോന്ന ഈ അഗ്നിപര്‍വതം
പുറത്തേക്കു ചിതറും വരെ

Saturday, November 17, 2007

ഒറ്റയുടല്‍





ഒറ്റയുടല്‍ പോര
പലതായിപ്പടരുവാന്‍

മല്‍സ്യം കൂര്‍മ്മം വരാഹം
മയില്‍
പുലി
എന്നിങ്ങനെ ജാതകജന്മമെടുക്കാന്‍

ഇരമ്പണം എനിക്ക്‌
കടലായും ഇടിമുഴക്കമായും
ചിറകുവീശിത്താഴേക്കുപറക്കണം
ഭൂതകാലനക്ഷത്രമായി
വെയിലായും
മരങ്ങളായും പൂത്തുലഞ്ഞ്‌
ആകാശത്തേക്ക്‌ കത്തിപ്പടരണം
നിറയണം

അതിനാല്‍
എടുത്തുകൊള്ളുക
എന്റെയീ ഒറ്റയുടല്‍

പകരം
ഏകകോശപ്പെരുക്കങ്ങള്‍പോലെ
കൂടിപ്പിണഞ്ഞും അഴിഞ്ഞുവേര്‍പെട്ടും
പലരൂപങ്ങളായിപ്പിരിഞ്ഞ്‌
പലഭാഷകളായിപ്പടരും
മറു ഉടല്‍ തരിക

എന്നെന്നെക്കും



എന്നെന്നെക്കും

   

Sunday, November 11, 2007

ജോടി



നിഴലേ,

നീ സംസാരിക്കുക, എന്നോട്‌
വെറുതേ നിന്‍ ചുണ്ടനങ്ങിയാല്‍മതി

ഇനി നമുക്ക്‌ അനന്തസംസാരം
ജോടിപ്പെട്ടതിനാല്‍

(വാക്കുകള്‍ ഞാന്‍തന്നെ പറഞ്ഞോളാം)

ജോടിക്കണ്ണുകള്‍കൊണ്ട്‌
നോക്കിനില്‍ക്കുകയുമാവാം
അനന്തസമയംവരെ

(നോക്കുന്നതും ഞാനായ്ക്കോളാം
വെറുതേ കണ്ണുതുറന്നുപിടിച്ചാല്‍മതി എന്റെ നേര്‍ക്ക്‌)

നിലക്കണ്ണാടിക്കകത്ത്‌
തിരിഞ്ഞുനില്‍ക്ക്‌ മുഖാമുഖം
ഇവിടെയിങ്ങോട്ടുതന്നെ
ഇമപോലുമിളകാതെ നോക്ക്‌

പിന്നെച്ചാരത്തുവന്നോളും
രസഘടകങ്ങളോരോന്നായി-
ട്ടേയാര്‍ത്തമ്പുരാനെണ്ണീപ്പറഞ്ഞയളവില്‍

എന്റെ ജോടീ,
ഇതിനെയല്ലേ നമ്മള്‍....


- ദാ, കാമറയും വന്നല്ലോ
അങ്ങോട്ടുമിങ്ങോട്ടും വൃഥാ തലതിരിച്ചും
മറിച്ചും നോക്കി
ഷെയ്ക്കാക്കരുതേ

....അനശ്വരതയെന്നു വിളിക്കുന്നത്‌

തുടര്‍ന്ന്
ദൂരാന്വയത്തെ നിഹനിച്ച്‌
തുടരെത്തുടരെ ക്ലിക്ക്‌ ക്ലിക്ക്‌ ക്ലിക്ക്‌

വളരെ കോംപാക്റ്റായി
ശാശ്വതീകരണം